International
വാഷിംഗ്ടണ്‍ ഡിസി: വ്യാപാര ചര്‍ച്ചകള്‍ തുടരവെ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വളരെ അടുത്ത സുഹ്യത്താണെന്നും മഹാനായ വ്യക്തിയാണെന്നും ട്രംപ് പുകഴ്ത്തി. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മോദിയുമായുളള ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച ട്രംപ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചെറിയ തോതില്‍ എങ്കിലും കുറച്ചത് അമേരിക്കന്‍ സമ്മർദ്ദം കാരണമാണെന്നും ആവര്‍ത്തിച്ചു.
തന്റെ വളരെ നല്ല സുഹ്യത്താണ് മോദി. തങ്ങള്‍ സംസാരിക്കാറുണ്ട്. ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. തങ്ങള്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടാക്കും. താന്‍ പോയേക്കുമെന്നും ട്രംപ് പറഞ്ഞു. മോദിയുമായുള്ള ചര്‍ച്ചകള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേക്ക് അടുത്തവർഷം സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, പോകാൻ സാധ്യതയുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി.
International
അബുജ: നൈജീരിയയിലെ ക്രൈസ്തവ വംശഹത്യക്കെതിരേ മുന്നറിയിപ്പ് നൽകിയ അമേരിക്കൻ ഭരണകൂടം സൈനിക നടപടിക്കു തയാറെടുപ്പു തുടങ്ങിയതോടെ അങ്കലാപ്പിൽ നൈജീരിയ. നൂറു കണക്കിനു ക്രൈസ്തവരെ ദിനംതോറും കൊന്നുതള്ളുന്ന ബോക്കോ ഹറാം അടക്കമുള്ള ഇസ്ലാമിക ഭീകരസംഘടനകൾക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്ത നൈജീരിയൻ ഭരണകൂടത്തിനു കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഭീകരർക്കെതിരേ സൈനിക നടപടി ഉടൻ സ്വീകരിച്ചില്ലെങ്കിൽ അമേരിക്കൻ സേന നൈജീരിയയിൽ ഇറങ്ങുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു പിന്നാലെ യുഎസ് സൈനിക നീക്കത്തിനു തയാറെടുക്കുകയും ചെയ്തു. സേനയെ നേരിട്ട് ഇറക്കാതെ വ്യോമാക്രമണമാകും ഭീകരർക്കെതിരേ ആദ്യഘട്ടത്തിൽ യുഎസ് നടത്തുകയെന്ന സൂചനയും പുറത്തുവന്നു. ഇതോടെ അങ്കലാപ്പിലായ നൈജീരിയൻ ഭരണകൂടം രാജ്യത്തു ക്രൈസ്തവ വംശഹത്യ നടക്കുന്നില്ലെന്ന വാദവുമായി രംഗത്തുവന്നിട്ടുണ്ട്.
ഭീകരരെ ഒതുക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം നൈജീരിയയിലെ സോഷ്യൽ മീഡിയയിലും മറ്റു കേന്ദ്രങ്ങളിലും ശക്തമായി. അമേരിക്ക ആക്രമണം നടത്തുമെന്ന ഭീതി രാജ്യത്തെന്പാടും ഉയർന്നതോടെ ഭീകരരെ ഒതുക്കണമെന്ന ആവശ്യവുമായി സംഘടനകളും രംഗത്തിറങ്ങി. ഇതോടെ അമേരിക്കൻ ഭരണകൂടവുമായി ചർച്ച നടത്താൻ പ്രസിഡന്റ് ബോല തിനിബു ശ്രമം തുടങ്ങിയിട്ടുണ്ട്. ബോക്കോ ഹറാം, അൽക്വയ്ദ ബന്ധമുള്ള ഗ്രൂപ്പുകൾ എല്ലാ വിഭാഗത്തിലുള്ള ആളുകളെയും വധിക്കുന്നുണ്ടെന്നാണ് നൈജീരിയൻ ഭരണകൂടത്തിന്റെ വാദം. കൂട്ട ശവക്കുഴികൾക്കു സമീപമിരുന്നു കൊല്ലപ്പെട്ട ക്രൈസ്തവരുടെ ബന്ധുക്കൾ നിലവിളിക്കുന്ന കാഴ്ച ലോകമനഃസാക്ഷിയെ നടുക്കിയിരുന്നു.
പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജീരിയ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം കൂടിയാണ്. അന്‍പതു ശതമാനത്തിനടുത്തു ക്രൈസ്തവരും അത്രത്തോളം തന്നെ മുസ്ലിംകളും രാജ്യത്തുണ്ട്. എന്നാൽ, ക്രൈസ്തവരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമിക ഭീകരസംഘടനകൾ വേരുറപ്പിച്ചതോടെ കഴിഞ്ഞ വർഷങ്ങളിൽ ആയിരക്കണക്കിനു ക്രൈസ്തവരാണ് നൈജീരിയയിൽ കൊല്ലപ്പെട്ടത്. വൈദികരും സന്യസ്തരും പതിവായി ഇവരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ട്. എന്നാൽ, ഇതിനെ ചെറുക്കാൻ നൈജീരിയൻ ഭരണകൂടത്തിനു കഴിയുന്നില്ല.
International
സിയൂൾ (ദക്ഷിണ കൊറിയ): വ്യാപാരസംഘർഷങ്ങൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയയിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ആറുവർഷത്തിനുശേഷമാണ് ഇരു രാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തുന്നത്. ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി യുഎസ് അറിയിച്ചു.
ചൈനയുമായി യുഎസിന് "നല്ല ബന്ധ'മാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റിനെ "മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ്' എന്ന് പ്രശംസിച്ച ട്രംപ്, ഇരുപക്ഷവും ഇതിനകം നിരവധി കാര്യങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും പറഞ്ഞു.
"യുഎസും ചൈനയും ഇതിനകം ഒരുപാട് കാര്യങ്ങളിൽ യോജിച്ചുകഴിഞ്ഞു. ഷി ഒരു മികച്ച രാജ്യത്തിന്റെ മികച്ച നേതാവാണ്, ദീർഘകാലം ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. യുഎസിനൊപ്പം ചൈന ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയാണ്.' ട്രംപ് പറഞ്ഞു.
കൂടിക്കാഴ്ചയിൽ, പ്രധാന രാജ്യങ്ങൾ എന്ന നിലയിൽ ചൈനയ്ക്കും യുഎസിനും സംയുക്തമായി നിരവധി ഉത്തരവാദിത്തങ്ങൾ വഹിക്കാനും ഇരുരാജ്യങ്ങളുടെയും ലോകത്തിന്റെയും നന്മയ്ക്കായി കൂടുതൽ പ്രവർത്തിക്കാനും കഴിയുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി പറഞ്ഞു.
ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഷി ശനിയാഴ്ചവരെ ദക്ഷിണകൊറിയയിൽ തുടരും. വ്യാപാര സംഘർഷങ്ങൾ മുതൽ സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ വരെയുള്ള വിവിധ വിഷയങ്ങൾ ചർച്ചയായെന്നാണ് റിപ്പോർട്ട്.
സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയുടെ നിർമാണത്തിന് അത്യാവശ്യമായ അപൂർവ ധാതുക്കളുടെ വ്യാപാരത്തിൽ ആധിപത്യം പുലർത്തുന്ന ചൈന, നിരവധി ചൈനീസ് കമ്പനികളെ വ്യാപാര കരിമ്പട്ടികയിൽപ്പെടുത്താനുള്ള വാഷിംഗ്ടണിന്റെ തീരുമാനത്തിന് മറുപടിയായി ധാതുക്കളുടെ കയറ്റുമതി നിയന്ത്രിച്ചിരുന്നു. ഇതേത്തുടർന്ന് സ്ഥിതിഗതികൾ സങ്കീർണമായിരുന്നു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. 2019 ൽ ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കണ്ടത്.
International
വാഷിംഗ്ടൺ: അമേരിക്കയെ അപമാനിച്ച് ടിവി പരസ്യം നൽകിയെന്ന് ആരോപിച്ച് കാനഡയുമായുള്ള വ്യാപാര ചർച്ച യുഎസ് അവസാനിപ്പിച്ചു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തി. യുഎസ് തീരുവകൾക്കെതിരെ കാനഡ പരസ്യം നൽകിയിരുന്നു
കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് അധിക തീരുവ ചുമത്തിയിരുന്നു. ഇതിനു പകരമായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കഴിഞ്ഞ ഏപ്രിൽ കാനഡയും കൂട്ടിയിരുന്നു. തുടർന്ന് ചർച്ചകൾ നടക്കുന്നതിനിടെയാണ് കാനഡ പരസ്യം നൽകിയത്.
യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987 ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.
പരസ്യം പ്രകോപനപരവും യുഎസ് കോടതികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് പറഞ്ഞു. കാനഡ യുഎസിലേക്ക് 270 കോടി ഡോളറിന്റെ കയറ്റുമതി നടത്തുന്നുണ്ട്.
NRI
ഡാളസ്: നോർത്ത് അമേരിക്കയിലെ സാഹിത്യപ്രേമികൾ കാത്തിരിക്കുന്ന ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) യുടെ 14ാമത് ദ്വൈവാർഷിക കൺവൻഷനോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിക്കുന്നു.
ഡാളസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആതിഥേയത്വത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ഇർവിംഗിലെ ആട്രിയം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് (എംഎസ്ടി തെക്കേമുറി നഗർ) കൺവൻഷൻ നടക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 1 ശനിയാഴ്ച വൈകുന്നേരം 6 മുതൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിക്കും.
പ്രശസ്ത പ്രഭാഷകനും നിരൂപകനുമായ എഴുത്തുകാരനുമായ സുനിൽ പി. ഇളയിടമാണ് കൺവൻഷനിലെ മുഖ്യാതിഥി. അതോടൊപ്പം പ്രശസ്ത ഡോക്ടറും സാമൂഹികപ്രവർത്തകനും വാഗ്മിയുമായ ഡോ. എം. വി. പിള്ള (ഡാളസ്), നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം (പൂനെ) എന്നിവരും പ്രധാന അതിഥികളായി പങ്കെടുക്കും.
സാംസ്കാരിക സമ്മേളനം, വിഭവസമൃദ്ധമായ അത്താഴവിരുന്ന്, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ എല്ലാ മലയാള സാഹിത്യപ്രേമികളെയും കുടുംബസമേതം ഈ കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുക്കാൻ കേരള ലിറ്റററി സൊസൈറ്റി ഡാളസ് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഷാജു ജോൺ (കൺവെൻഷൻ കമ്മിറ്റി ചെയർ ) 469 274 6501
സാമുവൽ യോഹന്നാൻ ( കൺവെൻഷൻ കമ്മിറ്റി കൺവീനർ ) 214 435
0124
International
കീവ്: റഷ്യ ആക്രമണം ശക്തമാക്കിയതോടെ യുഎസിൽനിന്നും കൂടുതൽ സൈനികസഹായം തേടി യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ റഷ്യ ശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെയാണ് സെലെൻസ്കിയുടെ നീക്കം.
വെള്ളിയാഴ്ച സെലെൻസ്കി യുഎസ് സന്ദർശിക്കും. ഹർകീവിലെ പ്രധാന ആശുപത്രിയിൽ ബോംബ് വീണതോടെ രോഗികളെ ഒഴിപ്പിച്ചു. ഊർജനിലയങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. ദീർഘദൂര മിസൈലായ ടോമഹോക് യുക്രെയ്നിനു നൽകുമെന്നു കഴിഞ്ഞദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.
റഷ്യയുടെ ഉൾപ്രദേശങ്ങളിലും ആക്രമണം നടത്താൻ ഈ മിസൈൽ ലഭിച്ചാൽ യുക്രെയ്നിനാവും. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ റഷ്യ സ്വാഗതം ചെയ്തു.
International
ഇസ്ലാമാബാദ്: ഗാസയിലെ സമാധാനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പദ്ധതിയെ പിന്തുണച്ച നിലപാട് പിൻവലിച്ച് പാക്കിസ്ഥാൻ. പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഞങ്ങൾ അംഗീകരിച്ച പദ്ധതിയല്ല ഇതെന്നും ഞങ്ങൾ കണ്ട കരടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ പാക്കിസ്ഥാൻ പാർലമെന്റ്ൽ പറഞ്ഞു.
യുഎസ് അവതരിപ്പിച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്നും നേരത്തെ അവതരിപ്പിച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയെന്നും പാക്ക് വിദേശകാര്യ മന്ത്രി ആരോപിച്ചു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ നടപടിയെ ട്രംപ് അഭിനന്ദിച്ച് ദിവസങ്ങൾക്കമാണ് നയംമാറ്റം.
ട്രംപിന്റെ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ളതാണ് ട്രംപിന്റെ സമാധാന നിർദേശം. യുഎസ് പ്രസിഡന്റ് നേതൃത്വം നൽകുന്ന ‘ബോർഡ് ഓഫ് പീസ്’ ഗാസയെ നയിക്കുമെന്നാണ് പദ്ധതിയിലെ നിർദേശം. അതേസമയം പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനെക്കുറിച്ച് പദ്ധതിയിൽ വ്യക്തമായ പരാമർശങ്ങളുമില്ല.
International
ടിജോ മാത്യു
ഇറാനെ ആക്രമിക്കാൻ അമേരിക്ക മുതിർന്നതോടെ ഹോർമുസ് കടലിടുക്കിൽ ആശങ്കയുടെ തിരയിളക്കം. വൻശക്തികളായ ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധിക്കാൻ ദുർബലരായ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച് അറ്റകൈ പ്രയോഗിക്കുമോയെന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്.
പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഈ ജലപാത അടഞ്ഞാൽ ഇന്ത്യയുടെ ഊർജഭദ്രത ഉൾപ്പെടെ ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഇത് സൃഷ്ടിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൗദി, ഇറാക്ക്, കുവൈത്ത്, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്നത് ഈ കടലിടുക്കിനെയാണ്. വെറും 21 നോട്ടിക്കൽ മൈലാണ് ഇതിന്റെ വീതി. ലോകത്തിന്റെ എണ്ണ വ്യാപാരത്തിന്റെ 30 ശതമാനവും എൽഎൻജിയുടെ (ദ്രവീകൃത പ്രകൃതിവാതകം) മൂന്നിലൊന്നും ദിനേന ഇതുവഴിയാണു കടന്നുപോകുന്നത്. ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരൽ എണ്ണ. ഹോർമുസ് അടച്ചിടുന്നതോടെ എതിരാളികളെ സമ്മർദത്തിലാക്കി ചർച്ചയുടെ മേശയിലേക്കുകൊണ്ടുവരാൻ സാധിക്കുമെന്നാണ് ഇറാൻ കണക്കുകൂട്ടന്നത്. "ഈ പാത അടയ്ക്കുന്നതോടെ ആഗോള എണ്ണ വ്യാപാരത്തിൽ വൻ ഇടിവുണ്ടാകുകയും വിലവർധനയ്ക്കു കാരണമാകുകയും ചെയ്യും. ഹോർമൂസ് കടലിടുക്കിലെ ഏതൊരു തടസവും ഇറാക്കിൽനിന്നും സൗദിയിൽനിന്നുമുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയെ വലിയ തോതിൽ ബാധിക്കും.
ഹോർമുസ് കടലിടുക്ക് തടസപ്പെട്ടാൽ എണ്ണക്കപ്പലുകൾ വഴിതിരിച്ചുവിടാൻ കമ്പനികൾ തയാറാവും. എണ്ണയുടെ ചരക്ക് നീക്കത്തിൽ ചെലവേറാൻ വഴിതിരിച്ചുവിടൽ ഇടയാക്കും. സ്വഭാവികമായി എണ്ണവില കുതിച്ചുയരുകയും ചെയ്യും. വില ബാരലിന് 80-90 യുഎസ് ഡോളറോ ചിലപ്പോൾ ബാരലിന് 100 യുഎസ് ഡോളറിലോ എത്തുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.
എന്നാൽ, ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് ഇറാന്റെ സാമ്പത്തിക മേഖലയ്ക്കും നല്ലതല്ല. പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തിൽ വലയുന്ന ഇറാനു കൂടുതൽ ഞെരുക്കം സൃഷ്ടിക്കുന്ന നടപടിയാകും അത്. അത്തരമൊരു നീക്കം ടെഹ്റാന്റെ കയറ്റുമതിയെയും സാരമായി ബാധിക്കും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഈ കടലിടുക്കിലൂടെയാണു കടന്നുപോകുന്നത്. ഇസ്രയേലുമായുള്ള സംഘർഷം ആരംഭിച്ചതു മുതൽ ഹോർമുസ് കടലിടുക്ക് അടച്ചേക്കുമെന്ന സൂചന ഇറാൻ അധികൃതർ നൽകിയിരുന്നു. പശ്ചിമേഷ്യയിൽ നിരവധി തവണ യുദ്ധമേഖങ്ങൾ ഉരുണ്ടുകൂടിയിട്ടും ആധുനിക ചരിത്രത്തിൽ ഹോർമുസ് കടലിടുക്ക് ഒരു തവണ പോലും പൂർണമായി അടച്ചിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇറാനെ ആക്രമിക്കുന്നതു സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂ എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ദിവസങ്ങൾക്കു മുന്‍പാണ്. ഇറാനെ നയതന്ത്രപാതയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ യൂറോപ്യൻ ശക്തികളും ആരംഭിച്ചിരുന്നു. ഇറാനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ പശ്ചിമേഷ്യാസംഘർഷം കൂടുതൽ രൂക്ഷമാകുമെന്നുറപ്പായി.
ലക്ഷ്യം ആണവകേന്ദ്രങ്ങൾ
ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങളിലാണ് അമേരിക്ക ബോംബിട്ടത്. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്ന മൂന്നു പ്ലാന്റുകൾക്കും ഇറാന്റെ ആണവപദ്ധതിയിൽ സുപ്രധാന പങ്കുണ്ട്. മൂന്നു സ്ഥലങ്ങളിലും ഇസ്രയേൽ മുന്‍പ് ആക്രമണം നടത്തിയിരുന്നു. നതാൻസ്, ഇസ്ഫഹാൻ പ്ലാന്റുകളിൽ ഗുരുതരമായ നാശനഷ്ടമുണ്ടായി. എന്നാൽ മലനിരയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഫോർഡോ പ്ലാന്റ് നശിപ്പിക്കാനുള്ള ശേഷി ഇസ്രയേലിനില്ലായിരുന്നു. അതിനാലാണ് അമേരിക്കയുടെ സഹായം തേടിയത്.
ഇറാനെ അറിയിച്ചശേഷം ആക്രമണം
വാഷിംഗ്ടൺ ഡിസി: ആണവ കേന്ദ്രങ്ങളിലെ ആക്രമണം മൂലം പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കരുതെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനു സന്ദേശം നല്കിയ ശേഷമായിരുന്നു അമേരിക്കൻ ആക്രമണം.
പരിമിതമായ തോതിലേ ആക്രമണം ഉണ്ടാകൂ എന്നും ഇറേനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഉദ്ദേശ്യമില്ലെന്നും അമേരിക്ക മുൻകൂട്ടി അറിയിച്ചു.
ആക്രമണശേഷം യുഎസ് പ്രസിഡന്റ് നല്കിയ സന്ദേശത്തിലും ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു.
ഇറാന് ഇപ്പോഴും സമാധാനത്തിന്റെ പാതയിലേക്കു മടങ്ങിവരാമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അല്ലാത്തപക്ഷം ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്കി.
“ഇതിങ്ങനെ തുടരാനാവില്ല. ഒന്നല്ലെങ്കിൽ സമാധാനം ഉണ്ടാകണം. അല്ലെങ്കിൽ കഴിഞ്ഞ എട്ടു ദിവസം നേരിട്ടതിനേക്കാളും വലിയ ദുരന്തമാണ് ഇറാനെ കാത്തിരിക്കുന്നത്. വേഗത്തിൽ സമാധാനപോംവഴി ഉണ്ടായില്ലെങ്കിൽ ഇറാനിലെ മറ്റു ലക്ഷ്യങ്ങൾ ആക്രമിക്കേണ്ടിവരും”- ട്രംപ് പറഞ്ഞു.
ഇസ്രയേലിൽ മുൻകരുതൽ
അമേരിക്കൻ ആക്രമണത്തിന് ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്ന ഇസ്രയേൽ മുൻകരുതലുകളെടുത്തിട്ടുണ്ട്. ജനം കൂട്ടംകൂടുന്നത് ഇസ്രയേലിൽ നിരോധിച്ചു. സ്കൂളുകൾക്ക് അവധി നല്കി. അത്യാവശ്യ സേവന വിഭാഗങ്ങൾക്കു മാത്രമാണ് പ്രവർത്തനാനുമതി നല്‍കിയിട്ടുള്ളത്. ഇസ്രയേലിന്റെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ഈജ്പിലേക്കു ജോർദാനിലേക്കുമുള്ള റോഡുകൾ അടച്ചിട്ടില്ല.
ഇന്നലത്തെ പ്രധാന സംഭവങ്ങൾ
ഇന്ത്യൻ സമയം ഞായർ രാവിലെ 5.20: ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
6.26: മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു.
7.13: പ്രസിഡന്റ് ട്രംപും അമേരിക്കയും അങ്ങേയറ്റം ശക്തിയോടെ നടപടികളെടുത്തുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
7.24: അമേരിക്കൻ ആക്രമണം അപകടകരമായ നീക്കമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെരസ്.
7.30: ഇറാൻ സമാധാനത്തിനു തയാറായില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ്.
10.01: ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായി ഇസ്രയേലിന്റെ അറിയിപ്പ്.
10.30: അമേരിക്കൻ ആക്രമണങ്ങൾ മൂലം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അണുവികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
11.17: ഇറാനിൽ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രേലി സേനയുടെ അറിയിപ്പ്.
International
അമേരിക്കൻ വ്യോമസേനയുടെ ബി-2 സ്പിരിറ്റ് എന്ന ബോംബർ വിമാനമാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. അമേരിക്കയിൽനിന്ന് പറന്ന വിമാനം ഇറാനിൽ ബോംബിട്ടു മടങ്ങുകയായിരുന്നു.
ജിബിയു-57 മാസീവ് ഓർഡനൻസ് പെനട്രേറ്റേഴ്സ് എന്നറിയിപ്പെടുന്ന പടുകൂറ്റൻ ബങ്കർ നശീകരണ ബോംബാണ് ഫോർഡോയിൽ ഇട്ടത്. 13,600 കിലോഗ്രാം ഭാരമുള്ള ഈ ബോംബിന് എത്ര കട്ടിയേറിയ കോൺക്രീറ്റ് പ്രതിബന്ധവും തുളച്ച് നാശം വിതയ്ക്കാനാകും. ബി-2 സ്പിരിറ്റ് വിമാനത്തിനു മാത്രമാണ് ഈ ബോംബുകളുമായി പറക്കാൻ ശേഷിയുള്ളത്. ഇത്തരം ആറു ബോംബുകൾ ഫോർഡോയിൽ പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്.
ഇസ്ഫഹാൻ, നതാൻസ് ആണവ പ്ലാന്റുകൾക്ക് നേർക്ക് അമേരിക്കയുടെ ടോമഹ്വാക് ക്രൂസ് മിസൈലുകളാണ് പ്രയോഗിച്ചത്. അന്തർവാഹിനികളിൽനിന്ന് 30 ടോമഹ്വാക്കുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ട്.